Monday, February 28, 2011

   ബാലു മേലതില്‍
  ഗുരുവായൂരപ്പനിലെ ഗുരുജനങ്ങള്‍....




വീണ്ടും ചില പഴയ ഓര്‍മ്മകളിലേക്ക്‌. നാല്‍പ്പത്തഞ്ചിലധികം വര്‍ഷം പിറകോട്ടുള്ള യാത്രയായതിനാല്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടായേക്കാം. അതോടൊപ്പം അന്നത്തെ ഒരു കൗമാരപ്രായക്കാരന്റെ അപക്വമായ ചിന്താശകലങ്ങളും കണ്ടുവെന്നു വരും. ക്ഷമിക്കുക.
പ്രിന്‍സിപ്പലില്‍ നിന്ന് തുടങ്ങട്ടെ.അച്ചടക്കത്തിന്റെ കാര്യത്തില്‍ കണിശക്കാരനായിരുന്നു നമ്പ്യാര്‍ സാര്‍. ഇപ്പ്പ്പോഴത്തെ ഫാഷന്‍ പരേഡ്‌ റാമ്പുകളിലെ "ക്യാറ്റ്‌ വാക്ക്‌" പലര്‍ക്കും അറിയാം. പക്ഷേ നാലര പതിറ്റാണ്ട്‌ മുന്‍പ്‌ നമ്പ്യാര്‍ സാര്‍ "പൂച്ചനടത്തം" പ്രായോഗികമാക്കിയിരുന്നു. ക്ലാസ്സിനു പുറത്ത്‌ തിരിഞ്ഞുകളിക്കുന്നവരെ കൈയോടെ പിടിക്കാന്‍ പതുങ്ങി നടന്നിരുന്നതിനാല്‍ "പൂച്ച"യെന്ന നിക്‌ നെയിം അദ്ദേഹത്തിനു കരസ്ഥമായി!
ഓഫീസിലെ ഹെഡ്‌ ക്ലാര്‍ക്ക്‌ വാരിയരുടേയും മുഖം ഓര്‍മ്മയിലുണ്ട്‌.

ഇംഗ്ലീഷിലെ മേജര്‍ കെ യു മേനവന്‍ സാറിന്റെ മീശയും just പ്രയോഗവും മറക്കാന്‍ പറ്റില്ല. പുട്ടിനു തേങ്ങയിടുന്നതുപോലെ ഓരോ വാചകത്തിനിടയിലും സാര്‍ just പ്രയോഗിക്കും. ഒരിക്കല്‍ ഞങ്ങള്‍ എണ്ണി ഒരു അവറില്‍ എത്ര ഉണ്ട്‌ എന്ന്! എഴുപതോ എണ്‍പതോ തവണ പറഞ്ഞുവെന്നാണ്‌ ഓര്‍മ്മ.
മീശയുടെ കാര്യത്തില്‍ ഐ ജി ബി യും മോശമായിരുന്നില്ല. കോട്ട്‌ ടൈ അടക്കമുള്ള വേഷവിധാനത്തിലും സാര്‍ മുന്നിലായിരുന്നു.

കോളേജിലേക്കുള്ള യാത്ര അവിസ്മരണീയം! നാലു ബസ്സുകളായിരുന്നു ആകെ ഉണ്ടായിരുന്നത്‌. രാജലക്ഷ്മി, എന്‍ വി, സി എം സി, പിന്നെ ഡി വി യുടെ വി എന്‍ പിയും (വാസുദേവന്‍ നമ്പൂതിരിപ്പാട്‌ വഹ!) ഏറ്റവും വേഗത്തില്‍ ഓടുന്ന ബസ്സിലാണ്‌ തിരക്ക്‌.( "കൊടിയേറ്റ"ത്തില്‍ ഗോപിയുടെ ഡയലോഗ്‌ ഓര്‍ക്കുക: എന്തൊരു സ്പീഡ്‌!) വി എന്‍ പി യും സി എം സിയും മറ്റു ബസ്സുകളെ ഓവര്‍ടേക്ക്‌ ചെയ്തു പോകുമ്പോഴുള്ള കൂക്കിവിളി ബഹളങ്ങള്‍. ഇടക്ക്‌ വല്ല ബസ്സും ക്യാന്‍സല്‍ ആകുമ്പോള്‍ ഉണ്ടാകുന്ന് തിരക്ക്‌. ആകപ്പാടെ ബഹുരസം!

അദ്ധ്യാപകരുടെ കോളേജ്‌ വരവും ഓര്‍മ്മിക്കത്തക്കതു തന്നെ.പരിസരത്തുതന്നെ വീടെടുത്ത്‌ താമസിക്കുന്ന പലരും നടന്നെത്തും. കാര്‍ അന്ന് വലിയ പ്രചാരമുള്ള വാഹനമായിട്ടില്ല. റിക്ഷവണ്ടികളും ജഡ്‌ക എന്ന കുതിരവണ്ടിയും നിരത്തില്‍ ധാരാളം. ലക്ചറര്‍/പ്രൊഫസ്സര്‍ വിഭാഗത്തില്‍ വളരെ കുറച്ചുപേര്‍ക്കേ സ്വന്തം കാറുണ്ടായിരുന്നുള്ളൂ. അതില്‍ പി കെ എം രാജ സാര്‍ ചില സഹപ്രവര്‍ത്തകരോടൊപ്പം ഫറോക്കില്‍ നിന്ന് വരുന്നതും സ്മരണീയം.

എന്നാല്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌ മലയാളത്തിലെ ഏട്ടനുണ്ണിരാജയുടെ സൈക്കിളിലെ വരവാണ്‌. സാറിന്റെ സൈക്കിള്‍ യാത്രയെക്കുറിച്ച്‌ ഒരു പാട്‌ തമാശക്കഥകള്‍ നിലവിലുണ്ടായിരുന്നു. ഒരു സാമ്പിള്‍:

കുന്നിന്റെ താഴെ നിന്ന് സൈക്കിള്‍ ഉരുട്ടിക്കയറ്റി കിതച്ച്‌ ക്ഷീണിതനായി വരുന്ന സാറിനോട്‌ ശിഷ്യരില്‍ ഒരാള്‍ ചോദിക്കുന്നു
"സാറെന്തിനാ ഈ കയറ്റം മുഴുവന്‍ സൈക്കിള്‍ ഉന്തിക്കയറ്റി വരുന്നത്‌? താഴെ വെച്ച്‌ നടന്നു വന്നാല്‍ പോരെ?"
സാറിന്റെ മറുപടി: "എഡോ ഇങ്ങനെ സൈക്കിള്‍ ഉരുട്ടി കയറി വരുന്നത്‌ ബുദ്ധിമുട്ടാണെങ്കിലും, അങ്ങോട്ട്‌ കുന്നിറങ്ങുമ്പോള്‍ എന്താ സുഖമെന്ന് തനിക്ക്‌ അറിയ്‌വോ? സൈക്കിള്‍ ചവിട്ടണ്ട, വെറുതെ ഇരുന്നു കൊടുത്താല്‍ മതി. ആ സുഖത്തിനു ഇപ്പോള്‍ കുറച്ച്‌ ബുദ്ധിമുട്ടിയാലും തരക്കേടില്ല".
ഇന്ന് ആലോചിക്കുമ്പോള്‍ വലിയ ഒരു ഫിലോസഫിയായിരുന്നു സാര്‍ പറഞ്ഞതെന്ന് തോന്നും.

ഓര്‍മ്മത്തിരകള്‍ വന്നുകൊണ്ടേയിരിക്കും. തല്‍ക്കാലം നിര്‍ത്താം.